ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Friday 31 October 2014

വയലാര്‍ കാവ്യശില്‍പം

     ലയാളികളുടെ ഓര്‍മ്മച്ചെപ്പില്‍ മായാതെ നില്‍ക്കുന്ന ഒരുപിടി മധുരഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'കാവ്യശില്‍പം'സ്കൂളിന് പുത്തന്‍ അനുഭവമായി.അനശ്വര ഗാനരചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ഗാനശകലങ്ങളും കവിതകളുമള്‍ക്കൊള്ളിച്ച പരപാടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങളുടെ ആലാപനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ പങ്കാളികളായി.

 ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന വയലാറിന്റെ കാവ്യസപര്യയെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനാധ്യാപകന്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ശ്രീമതി.കെ.കെ.ജയലക്ഷ്മിടീച്ചര്‍ കാവ്യശില്‍പം സംവിധാനം ചെയ്തു.ശ്രീമതി.ലീനടീച്ചര്‍ സ്വാഗതവും കുമാരി.ഭാഗ്യശ്രീ നന്ദിയും ആശംസിച്ചു.

 'കാവ്യശില്‍പ'ത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

Wednesday 29 October 2014

ഐ.ടി മല്‍സരങ്ങള്‍ ആരംഭിച്ചു

       ഐ.‍ടി.മേളയുടെ ഭാഗമായുള്ള  സ്കൂള്‍തല മല്‍സരങ്ങള്‍ ആരംഭിച്ചു.ബുധനാഴ്ച ഡിജിറ്റല്‍ പെയിന്റിങ്ങ് മല്‍സരമാണ് നടന്നത്.വ്യാഴം,വെള്ളി ദിവസങ്ങളില്‍ മറ്റ് മല്‍സരങ്ങള്‍ അരങ്ങേറും.

Monday 20 October 2014

കലോല്‍സവം തുടങ്ങി

     കലയുടെ കേളീവസന്തത്തിന് തുടക്കമായി.ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള യുവജനോല്‍സവത്തിലെ സ്റ്റേജ് മല്‍സരങ്ങള്‍ക്കാണ് തിങ്കളാഴ്ച രാവിലെ തിരിതെളിഞ്ഞത്.പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്തിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എന്‍.മധുസൂദനന്‍ നമ്പ്യാര്‍ ആണ് കലോല്‍സവം ഉദ്ഘാടനം ചെയ്തത്.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ച് ആമുഖ പ്രഭാഷണം നടത്തി.മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ശോഭ,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.ശ്രീധരന്‍ നായര്‍,അധ്യാപകരായ ശ്രീ.ബാലന്‍,ശ്രീ.പി.വി.ഗംഗാധരന്‍,ശ്രീ.ഇ.കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ.മാധവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

      കലോല്‍സവത്തിലെ സ്റ്റേജിതര മല്‍സരങ്ങള്‍ ഒക്ടോബര്‍ 10 ന്  തുടങ്ങിയിരുന്നു.അഞ്ച് വേദികളിലായി നടക്കുന്ന സ്റ്റേജ് മല്‍സരങ്ങളില്‍ പകുതിയോളം തിങ്കളാഴ്ച പൂര്‍ത്തിയായി.ശേഷിച്ചവ ചൊവ്വാഴ്ച നടക്കും.

 

Sunday 19 October 2014

   സ്കൂള്‍ കായികോല്‍സവം സമാപിച്ചു

    ചെമ്മനാട് ഗവ: സെക്കണ്ടറി സ്കൂളിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനായുള്ള കായികമേള വ്യാഴം,വെള്ളി ദിവസങ്ങളിലായി (ഒക്ടോബര്‍ 16,17) നടന്നു.അഞ്ചാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളില്‍ നിന്നായി അഞ്ഞൂറില്‍ പരം കുട്ടികള്‍ വിവിധ ഇനം മല്‍സരങ്ങളില്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.വ്യാഴാഴ്ച രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത് പതാക ഉയര്‍ത്തിയതോടേയാണ് കായികമേള ആരംഭിച്ചത്.നാലു ഹൗസുകളായി തിരിഞ്ഞുള്ള വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍ സല്യൂട്ട് സ്വീകരിച്ചു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

      മികച്ച പോയിന്റുമായി RED ഹൗസാണ് കായികമേളയില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.GREEN ഹൗസ് രണ്ടാമതെത്തി.BLUE,YELLOW ഹൗസുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി.

Tuesday 14 October 2014


യാത്രയുടെ ഓര്‍മ്മപ്പുസ്തകം
         വിരല്‍തുമ്പൊന്നമര്‍ത്തിയാല്‍ സര്‍വ വിജ്ഞാന ഭണ്ഡാരങ്ങളും ഇതള്‍ വിരിയുന്ന കാലമാണിത്.ലോകാല്‍ഭുതങ്ങളും ചരിത്രവസ്തുക്കളും ആധുനിക നഗരക്കാഴ്ചകളുമെല്ലാംനിമിഷനേരം കൊണ്ട് സവിസ്തരം നമ്മുടെ സ്വീകരണ മുറിയില്‍ മിന്നിമറിയുന്ന കാലം.എന്നാല്‍ ഒരു സഞ്ചാരിക്ക് നേരിട്ടുള്ള ദര്‍ശനാനുഭവം വഴി ലഭിക്കുന്ന വിജ്ഞാനം ഇതിനേക്കാള്‍     പതിന്‍മടങ്ങാണ്.ഇത്തരത്തില്‍ യാത്രകള്‍ ജീവിതചര്യയാക്കുകയും അതിലെ കാഴ്ചകള്‍ക്ക് നിറക്കൂട്ട് നല്‍കുകയും ചെയ്യുക വഴി ശ്രദ്ധേയനാവുകയാണ് .ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുന്‍ അധ്യാപകന്‍(ഇപ്പോള്‍കാസറഗോഡ് ഗവ:ഹയര്‍സെക്കണ്ടറിസ്കൂള്‍)കെ.പി.ഉല്ലാസ്ബാബു. 
ചിത്രരചന,ഫോട്ടോഗ്രഫി,സംഗീതം,കവിത ചെറുകഥ എന്നിവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഉല്ലാസ് തന്റെ ദീര്‍ഘകാലത്തെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് 'പ്രയാണകം' എന്ന പുസ്തകത്തിലൂടെ.
       പഠനയാത്രകള്‍ കേവലം അമ്യൂസ് മെന്റ് പാര്‍ക്ക് യാത്രകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ പഠനാനുഭവമാക്കി മാററാനാണ് ഈ ഗണിതാധ്യാപകന്‍ ശ്രമിച്ചത്.സന്ദര്‍ശിച്ച സ്ഥലങ്ങളുടെയെല്ലാം ചരത്രപ്രാധാന്യം ആഴത്തില്‍ പഠിക്കാന്‍ ഉല്ലാസ് ശ്രമിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ'പ്രയാണകം' വായനക്കാര്‍ക്ക് നല്‍കുന്ന യാത്രാനുഭവം ചില്ലറയല്ല.
     കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാഭവനില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ശ്രീ.സി.വി.ബാലകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.ജനപ്രതിനിധികളും സാഹിത്യാസ്വാദകരും ഉള്‍പ്പെട്ട പ്രൗഢഗംഭീരമായ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ശ്രീ.കെ.പി.ഉല്ലാസ് ബാബു രചിച്ച 'പ്രയാണകം' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട്
ശ്രീ.സി.വി.ബാലകൃഷ്ണന്‍ സംസാരിക്കുന്നു.

Monday 13 October 2014

സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചു

സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായുള്ള ഓഫ് സ്റ്റേജ് മല്‍സരങ്ങള്‍ തുടങ്ങി.ചിത്രം,പെയിന്റിങ്ങ്,കഥ,കവിത തുടങ്ങിയ രചനാ മല്‍സരങ്ങളാണ്ഇപ്പോള്‍ നടന്നു വരുന്നത്.മറ്റ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 20,21 തീയതികളില്‍വിവിധ സ്റ്റേജുകളിലായി നടക്കും.സ്കൂള്‍ തല കായികമേള ഒക്ടോബര്‍ 16 നായിരിക്കുംനടക്കുക.ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്.

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു


   ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'STEPS' (STANDARD TEN ENRICHMENT PROGRAMME IN SCHOOLS)ന്റെ ഭാഗമായി പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസ് നടന്നത്.ചന്ദ്രഗിരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ ശ്രീ.ശ്രീധരന്‍,ശ്രീ .റൗഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Wednesday 8 October 2014

പ്രവൃത്തി പരിചയ മേള 


   സ്കൂള്‍ പ്രവൃത്തി പരിചയ മേള ബുധനാഴ്ച നടന്നു.മീററിങ്ങ് ഹാളില്‍ നടന്ന പരപാടി ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ .പ്രകാശന്‍ മാസ്ററര്‍ സ്വാഗതമാശംസിച്ചു.നൂറോളം കുട്ടികള്‍ വിവിധ മല്‍സരങ്ങളിലായി കഴിവുകള്‍ മാററുരച്ചു.

 

Sunday 5 October 2014


യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാകണം

    വിദ്യാര്‍ത്ഥികളുടെ നീറുന്ന യാത്രാപ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.റോഡിലെ പ്രശ്നങ്ങളും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ റദ്ദുചെയ്യുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്കൂളിലും വീട്ടിലും എത്താന്‍ സാധിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കെ.എന്‍ മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത്,ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.പി.വി.ഗംഗാധരന്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍:ശ്രീ.കെ എന്‍ മധുസൂദനന്‍ നമ്പ്യാര്‍(പ്രസിഡണ്ട്) ശ്രീ.ശ്രീധരന്‍(വൈസ്.പ്രസി.)ശ്രീ.ജയരാജ് കോടോത്ത്(സെക്രട്ടറി)ശ്രീ.ടി..രാധാകൃഷ്ണന്‍
(ഖജാന്‍ജി)

കഥ പറയുന്ന കോട്ടകള്‍
      
        
കോട്ടകളുടെ നാടാണ് കാസര്‍ഗോഡ്.കേരളത്തില്‍ ഏററവും കൂടുതല്‍ കോട്ടകളുള്ള ജില്ല.അത്യുത്തര കേരളത്തിന്റെ ജീവിതസംസ്കാരവുമായി ഇഴചേര്‍ന്നുനിന്നിരുന്ന ഈ കോട്ടകള്‍ ഇന്ന് ചരിത്രത്തിന്റെ നീക്കിയിരിപ്പുകളായി നിലകൊള്ളുകയാണ്.തുളുനാട്ടിലെ ഈ കോട്ടകളെ പശ്ചാത്തലമാക്കി യുദ്ധങ്ങളുടേയും  അടിച്ചമര്‍ത്തലുകളുടേയും കഥ പറയുകയാണ് ബേക്കല്‍ രാമനായക് തന്റെ 'കോട്ടെയ കഥെഗളു 'എന്ന കൃതിയിലൂടെ ചെയ്തിരിക്കുന്നത്.അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പുസ്തകം 'കോട്ടകളുടെ കഥകള്‍'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക വഴി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാത തുറന്നിരിക്കുകയാണ് ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ ശ്രീ വി.ശ്രീനിവാസന്‍ മാസ്ററര്‍.
        
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'കോട്ടകളുടെ കഥകള്‍'പ്രകാശനം ചെയ്യപ്പെട്ടു.സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി..രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.പുസ്തക പ്രകാശനവും'പ്രാദേശിക ചരിത്രവും നോവല്‍ സാഹിത്യവും'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന്റെ ഉദ്ഘാടനവും പ്രശസ്ത കവി ശ്രീ.മാധവന്‍ പുറച്ചേരി നിര്‍വഹിച്ചു.മാധ്യമ പ്രവര്‍ത്തകനായ ശ്രി.വി.വി.പ്രഭാകരന്‍ പുസ്തകം ഏററുവാങ്ങി.ചരിത്രാധ്യാപകനായ ശ്രീ.സി.ബാലന്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.സര്‍വശ്രീ.ടി ബാലന്‍,രവീന്ദ്രന്‍ രാവണീശ്വരം,കെ.മധുസൂദനന്‍ നമ്പ്യാര്‍,നാരായണന്‍ വടക്കിനിയ,രവീന്ദ്രന്‍ പാടി,ബേബി കൃഷ്ണന്‍,വി.തങ്കമണി,പി വി ഗംഗാധരന്‍,.കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ.വി.ശ്രീനിവാസന്‍ മറുപടി പ്രസംഗം നടത്തി.ശ്രീമതി ലീന സ്വാഗതവും  ശ്രീമതി കെ.കെ ജയലക്ഷ്മി നന്ദിയും പറഞ്ഞു