ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Saturday 15 August 201569 ന്റെ ഒളിമങ്ങാത്ത തിളക്കം
ന്ത്യ തിളങ്ങുകയാണ്.അറുപത്തിയൊമ്പത് വയസ്സിന്റെ ആലസ്യമേതുമില്ലാതെ,പക്വമതിയായ ഒരു രാഷ്ട്രത്തിന്റെ ഒളിമങ്ങാത്ത തിളക്കം.ഭാരതത്തിനൊപ്പം പിറവികൊണ്ട പല രാജ്യങ്ങളും ആഭ്യന്തര കലഹങ്ങള്‍,ഭീകരവാദം,വിഘടനവാദം എന്നിവ കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരൊറ്റമനസ്സോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് നമ്മള്‍.വികസന പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളുമുണ്ടെങ്കിലും ദേശീയഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കാകെ മാതൃകയാകാന്‍ നമുക്ക് കഴിയുന്നുണ്ട്.എല്ലാഭിന്നതകളും മാറ്റിവെച്ച് രാജ്യത്തെമ്പാടും ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഈ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതായി.
സ്വതന്ത്ര ഭാരതത്തില്‍ കര്‍മ്മരംഗത്തേക്ക് കടന്നുവന്ന ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി..രാധാകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത്,കുമാരി ശ്രീധന്യ എന്നിവര്‍ സംസാരിച്ചു.എസ് എസ് എല്‍ സി-ഹയര്‍ സെക്കണ്ടറി പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കും മറ്റ് ക്ലാസുകളിലെ മിടുക്കര്‍ക്കും ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകള്‍,സമ്മാനങ്ങള്‍ എന്നിവ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി.പി.ടി.എയുടെ വക മധുരപലഹാര വിതരണവും നടന്നു.

Thursday 13 August 2015


ഊര്‍ജ്ജസമ്പത്ത് വരുംതലമുറകള്‍ക്ക് കൂടി

                       ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് ലോകമെങ്ങും സജീവ ചര്‍ച്ച നടക്കുന്ന കാലമാണിത്.ഏതൊരു വികസന പദ്ധതിയുടേയും അടിസ്ഥാന ഘടകമായ വൈദ്യുതോര്‍ജ്ജം അതീവ ശ്രദ്ധയോടെ ചെലവഴിച്ചില്ലെങ്കില്‍ ഭാവി തലമുറ അതിന്റെ തിക്തഫലം അനുഭവിക്കേണ്ട അവസ്ഥയുണ്ടാകും.ആണവ-താപനിലങ്ങള്‍ വഴി വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ ജനവികാരം ഉയരുന്നുണ്ട്.പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ പേരില്‍ ജലവൈദ്യുത നിലയങ്ങളും എതിര്‍ക്കപ്പെടുന്നു.ഇതിന്റെയൊക്കെ ഫലമായി ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിക്കാതിരിക്കുകയും അതേസമയം ഉപഭോഗം ക്രമാതീതമായി കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്.ലഭ്യമായ ഊര്‍ജ്ജം കരുതലോടെ മാത്രം പ്രയോജനപ്പെടുത്തുകയെന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രധാന മാര്‍ഗ്ഗം.
              ഈ ഘട്ടത്തില്‍,ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വ്യാഴാഴ്ച നടന്ന ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ ഏറെ ശ്രദ്ധേയമായി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ക്ക് വേണ്ടി, കെ എസ് ഇ ബി യുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.വീടുകളില്‍ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ സാമ്പത്തികനേട്ടത്തിനൊപ്പം ഊര്‍ജ്ജസംരക്ഷണവും സാധ്യമാക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന്‍ സെമിനാറിന് കഴിഞ്ഞു.ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.സബ് എഞ്ജിനീയര്‍ ഷാഹുല്‍ ഹമീദ്,സീഡ് കോഡിനേറ്റര്‍ വി.ശ്രീനിവാസന്‍,വി.തങ്കമണി, പി.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.ഇന്ദുലേഖ സ്വാഗതമാശംസിച്ചു.
           സെമിനാറിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സൗജന്യമായി സി എഫ്  ലാമ്പുകള്‍ വിതരണം ചെയ്യുകയുണ്ടായി.
                                  
                             ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍
                              KSEB എക്സി.എഞ്ജിനീയര്‍ നാഗരാജ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു.

Saturday 8 August 2015


ആണവ സ്ഫോടനത്തെ തുടര്‍ന്ന് നാഗസാക്കി നഗരത്തെ വിഴുങ്ങി നീങ്ങുന്ന വിഷപ്പുക
ആണവ ദുരന്തത്തിന് എഴുപത് വയസ്സ്
           ലോകചരിത്രത്തിലെ ഏറ്റവും ഭീതിതമായ ആ ദിവസങ്ങള്‍ വീണ്ടും കടന്നുപോവുകയാണ്;ഒരുലക്ഷത്തിഎഴുപതിനായിരത്തിലധികം പച്ചമനുഷ്യര്‍ നിമിഷനേരം കൊണ്ട് പിടഞ്ഞുമരിച്ച 1945 ലെ ആ കറുത്ത ദിനങ്ങള്‍.തങ്ങളുടെ അധീശത്വം ലോകത്തെ ബോധ്യപ്പെടുത്താന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഇരകളാവുകയായിരുന്നു ഹിരോഷിമയിലേയും നാഗസാക്കിയിലേയും നിരപരാധികളായ ജനസഹസ്രങ്ങള്‍.മരണപ്പെട്ടതിന്റെ എത്രയോ പതിന്‍മടങ്ങ് പേര്‍ ജീവിക്കുന്ന രക്തസാക്ഷികളായി മാറി.അതില്‍പെട്ട ഒരു ഹതഭാഗ്യനെ പരിചയപ്പെട്ടുകൊണ്ട് നമുക്ക് ഈ ദിവസങ്ങള്‍ സ്മരിക്കാം.
           പേര് സുമിത്തേരു തനുഗുച്ചി.പ്രായം 86.പതിനാറാം വയസില്‍ നാഗസാക്കി നഗരത്തില്‍ സൈക്കിളില്‍ കറങ്ങി തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടേയാണ് അശനിപാതം പോലെ ആ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ സൈക്കിളില്‍ നിന്ന് ദൂരെ തെറിച്ചു വീണത് മാത്രമേ തനുഗുച്ചിക്ക് ഓര്‍ക്കാനാകുന്നുള്ളു.തുടര്‍ന്ന് മൂന്ന് ദിവസം സമനില തെറ്റിയ നിലയില്‍ എവിടെയെല്ലാമോ അലഞ്ഞു തിരിയുകയായിരുന്നു.ശരീരത്തിന് പിറകില്‍ തുണിക്കഷണം പോലെ എന്തോ തൂങ്ങി നില്‍ക്കുന്നതായി മാത്രം ഇതിനിടയില്‍ അദ്ദേഹത്തിന് തോന്നിയിരുന്നു.പിന്നീട് അത് തന്റെ ശരീരഭാഗം ചിതറി നില്‍ക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു.ഒടുവില്‍ ആരാലോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട അദ്ദേഹത്തിന് നീണ്ട ഇരുപത്തിഒന്ന് മാസം സ്വജീവനുമായി മല്ലിട്ട് അവിടെ കഴിയേണ്ടി വന്നു.കൗമാരപ്രായമായതിനാല്‍,നഷ്ടപ്പെട്ട മാംസഭാഗങ്ങല്‍ ഏറെക്കുറെ പുനസ്ഥാപിക്കപ്പെട്ടുവെന്ന് മാത്രം.
           പ്രായാധിക്യവും ദുരന്തം ബാക്കി വെച്ച വൈകല്യങ്ങളും അലട്ടുന്നുണ്ടെങ്കിലും ഇനിയൊരു ആണവദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ് ഇദ്ദേഹമിപ്പോള്‍.യുദ്ധവെറിയന്‍മാര്‍ പല രൂപത്തിലും ഭാവത്തിലും തലപൊക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍, സുമിത്തേരു തനുഗുച്ചിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നമുക്കേവര്‍ക്കും ആ മഹാദുരന്തത്തിന്റെ എഴുപതാം വാര്‍ഷികം ആചരിക്കാം.
                 

സുമിത്തേരു തനുഗുച്ചി-ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി 
         

Saturday 1 August 2015

ഡോ.കലാമിന് ചിത്രാഞ്ജലി

         അന്തരിച്ച മുന്‍ രാഷ്ട്രപതി ‍‍ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന സംഘടിപ്പിച്ചു.ഡോ.കലാമിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് 'ചിത്രാഞ്ജലി 'എന്ന് പേരിട്ട പരിപാടി നടന്നത്.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജയലക്ഷ്മി ടീച്ചര്‍,ലീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                       
            
 വിജേഷിനെ അറിയുക
         ത് വിജേഷ്.ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി.വിനോദത്തിനും പഠനച്ചെലവ് കണ്ടെത്തുന്നതിനുമായി വേറിട്ടൊരു മാര്‍ഗ്ഗം സ്വീകരിക്കുക വഴി ശ്രദ്ധേയനായിരിക്കുകയാണ് ദേളി കുന്നുപാറ സ്വദേശിയായ ഈ പതിനഞ്ചുകാരന്‍.വിവിധയിനം വളര്‍ത്തു പക്ഷികളെ സംഘടിപ്പിച്ച് പരിപാലിക്കുകയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതില്‍ പ്രധാനം.പലതരം പ്രാവുകള്‍,ഇണക്കിളികള്‍,അരയന്നം തുടങ്ങിയവ വിജേഷ് ഒരുക്കിയ കൂട്ടിലും വീട്ട് പരിസരങ്ങളിലും പാറിക്കളിക്കുന്നത് രസകരമായ കാഴ്ചയാണ്.കൂട്ടിന് ഒരു കൂട്ടം നാടന്‍ കോഴികളുമുണ്ട്.ഒപ്പം മുന്തിയ ഇനം വളര്‍ത്തു നായ്ക്കളേയും സംരക്ഷിച്ചുവരുന്നു.
              പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടെത്തിയ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിജേഷിന്റെ ഈ നൂതന സംരംഭം ഏറെ കാതുകവും ഒപ്പം സന്തോഷവും സമ്മാനിച്ചു.കര്‍ഷകത്തൊഴിലാളിയായിരുന്ന അച്ഛന്‍ അസുഖബാധിതിതനായി ആറു വര്‍ഷം മുമ്പ് മരണപ്പെട്ടതോടെ അമ്മയുടെ തണലിലായി വിജേഷിന്റേയും സഹോദരി വിചിത്രയുടേയും പഠനം.ഇതിനിടയിലാണ് അമ്മാവന്റെ പ്രോല്‍സാഹനത്തോടെ പക്ഷി വളര്‍ത്തല്‍ തുടങ്ങിയത്.ഒരു വിനോദം എന്ന നിലയില്‍ തുടങ്ങി പിന്നീട് സ്വയം തൊഴില്‍ സംരംഭം എന്നതിലേക്ക് മാറുകയായിരുന്നു.
          നാടന്‍ കോഴിമുട്ടകള്‍ക്ക് പ്രിയമേറേയാകയാല്‍ നന്നായി ചെലവാകുന്നു.മുട്ടയൊന്നിന് അഞ്ചു രൂപയ്ക്കാണ് വില്‍ക്കുന്നത്.കൂടാതെ പക്ഷിജോടികള്‍ക്കും വളര്‍ത്തുനായകള്‍ക്കുമായി ആവശ്യക്കാര്‍ വിജേഷിനെ തേടിയെത്തുന്നുണ്ട്.തന്റെ തൊഴില്‍ സംരംഭത്തെക്കുറിച്ച് ആവേശപൂര്‍വം വിവരിക്കുമ്പോഴും അടുത്തിടേയുണ്ടായ ദുരനുഭവം വിജേഷിനും അമ്മയ്ക്കും മറക്കാന്‍ കഴിയുന്നില്ല;ഏറെ ശ്രദ്ധാപൂര്‍വം പരിപാലിച്ചിരുന്ന പക്ഷിക്കൂട്ടിന് മുകളിലേക്ക് വീട്ടു മുറ്റത്തെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് കുറേ പക്ഷികള്‍ പിടഞ്ഞുമരിച്ച സംഭവം.ദു:ഖത്തിലും നിരാശയിലും മനമിടറാതെ ,ഒടിഞ്ഞുവീണ കൂട് തട്ടിക്കൂട്ടി,ശേഷിച്ച പക്ഷികളെ ലാളിച്ച് മുന്നോട്ട് പോവുകയാണ് ഈ മിടുക്കന്‍.പഠനത്തോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുകവഴി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാതൃകയാകുന്ന വിജേഷിന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം കിട്ടുകയാണെങ്കില്‍ വലിയ പ്രചോദനമായിരിക്കും.